മലയാളികളെ ഒന്നാകെ ഇണക്കിച്ചേർക്കുന്ന കണ്ണിയാണ് മലയാള ഭാഷ. സാംസ്കാരികവും മതപരവും ജാതീയവും ലിംഗപരവുമായ വ്യത്യാസങ്ങൾക്കിടയിലും കേരള ജനതയെ ഒന്നിച്ചുനിർത്തുന്ന സാംസ്കാരിക മണ്ഡലമാണ് നമ്മുടെ മാതൃഭാഷ. മലയാളിയുടെ പൊതു സംസ്കാരവും നമ്മുടെ ഭാഷ തന്നെയാണ്.
മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരം നാലാം പതിപ്പിൻ്റെ ബഹ്റൈൻ ചാപ്റ്റർ തല മത്സരങ്ങൾ 2024 ജൂൺ 28 വെള്ളിയാഴ്ച ബഹ്റൈൻ കേരളീയ സമാജം ബാബു രാജൻ ഹാളിൽ രാവിലെ 9.30 ന് മത്സരങ്ങൾ ആരംഭിക്കും.
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി,മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിലെ വിവിധ പഠനകേന്ദ്രങ്ങളിൽ നിന്നുള്ള പഠിതാക്കൾ പങ്കെടുക്കും.
സബ് ജൂനിയർ വിഭാഗത്തിൽ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെയും, ജൂനിയർ വിഭാഗത്തിൽ ബാലാമണിയമ്മയുടെയും സീനിയർ വിഭാഗത്തിൽ ഇടശ്ശേരി ഗോവിന്ദൻ നായരുടെയും കവിതകളാണ് മത്സരാർഥികൾ ചൊല്ലേണ്ടത്.
എല്ലാ വിഭാഗങ്ങളിൽ നിന്നും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർ ആഗോള ഫൈനൽ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടും
മലയാളം മിഷൻ ഭരണ സമിതി അംഗമായിരുന്ന പ്രശസ്ത കവി സുഗതകുമാരിയുടെ സ്മരണാർത്ഥമാണ് എല്ലാവർഷവും കാവ്യാലാപന മത്സരം സംഘടിപ്പിക്കുന്നത്.
മറുനാടൻ മലയാളി സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന മലയാളം മിഷൻ്റെ ഇന്ത്യയ്ക്ക് പുറത്ത് രൂപീകരിക്കപ്പെട്ട ആദ്യ പഠനകേന്ദ്രവും ആദ്യ ചാപ്റ്ററുമാണ് ബഹ്റൈൻ ചാപ്റ്റർ.